
കൊച്ചി:
സ്തനാര്‍ബുദം നേരത്തേ കണ്ടെത്തി ആരോഗ്യസംരക്ഷണം ഉറപ്പാക്കാനായി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റൽ കെ.എസ്.ആര്.ടി.സി എറണാകുളം ഡിപ്പോയുടെ സഹകണത്തോടെ ‘പ്രിയകരുതല്’ക്യാമ്പ് സംഘടിപ്പിച്ചു. ടി.ജെ.വിനോദ് എം.എല്‍.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ട്രസ്റ്റിൻ്റെ ഈ പദ്ധതി സംസ്ഥാനതലത്തിൽ നടപ്പാക്കുന്നതിന് മുന്‍കൈ എടുക്കുമെന്ന് എം എൽ എ പറഞ്ഞു.
ഹോസ്പിറ്റലിലെ ബ്രെസ്റ്റ് 360 ക്ലിനിക്കിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടം സൗജന്യ സ്തനാര്‍ബുദ പരിശോധനയാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് എറണാകുളം ഡിപ്പോയിലെ നൂറോളം വനിതാ ജീവനക്കാര്‍ക്ക് സൗജന്യ പരിശോധന നടത്തി. പദ്ധതിയുടെ ഭാഗമായി പ്രിയദര്‍ശിനി ബസുകളില്‍ യാത്ര ചെയ്യുന്ന വനിതകള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ സ്തനാര്‍ബുദ സ്ക്രീനിങ്ങിനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും അവസരമൊരുക്കിയിട്ടുണ്ട്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ സൗത്ത് ബ്ലോക്കിലാണ് ഈ സൗകര്യമുണ്ടാവുക. ഡിസംബര്‍ 12 വരെ ക്യാമ്പിന്റെ ഭാഗമായി പരിശോധനകള്‍ നടത്തും. പ്രിയദര്‍ശിനി ബസ് ടിക്കറ്റുമായി എത്തുന്നവര്‍ക്കും മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുന്നവര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.
സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയ്ക്ക് വഴിയൊരുക്കുന്നതിനാല്‍ സ്തനങ്ങളിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങള്‍ അവഗണിക്കാതെ കൃത്യമായ പരിശോധനയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും തേടണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70120 83131
ബുക്കർമാൻ ന്യൂസ് കൊച്ചി























































































