
കൊച്ചി: അഞ്ചാമത് ടാഗോർ സ്മൃതി പുരസ്‌കാരം പ്രഖ്യാപിച്ചു. കർണാടകയിലെ ബംഗളുരു സ്വദേശിനിയും പ്രശസ്ത സ്റ്റോറി ടെല്ലറും വിദ്യാഭ്യാസ പ്രവർത്തകയും കഥാലയ – ദ ഹൗസ് ഓഫ് സ്റ്റോറീസിന്റെ സ്ഥാപകയുമായ ശ്രീമതി ഗീതാ രാമാനുജത്തെ ടാഗോർ സ്മൃതി പുരസ്‌കാരം 2026-ന്റെ ജേതാവായി പുരസ്‌കാര നിർണയ സമിതി തെരഞ്ഞെടുത്തു.
സംസ്‌കാരം, സാഹിത്യം, വിദ്യാഭ്യാസം, മാനവികത എന്നീ മേഖലകളി
ൽ ദീർഘകാലവും ശ്രദ്ധേയവുമായ സംഭാവനകൾ നൽകിയ ജീവിച്ചിരിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി സ്വതന്ത്ര മാധ്യമ-സാംസ്‌കാരിക സംരംഭമായ ബുക്കർമാൻ 2022-ൽ സ്ഥാപിച്ചതാണ് ടാഗോർ സ്മൃതി പുരസ്‌കാരം. രവീന്ദ്രനാഥ ടാഗോറിന്റെ സർഗാത്മകതയും മാനവികതയും വിദ്യാഭ്യാസ ദർശനവും പ്രതിഫലിപ്പിക്കുന്ന വ്യക്തിത്വങ്ങളെയാണ് ഈ പുരസ്‌കാരത്തിലൂടെ ആദരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള ഷൗക്കത്ത്, മധ്യപ്രദേശിലെ പ്രഹ്ലാദ് സിംഗ് ടിപാനിയ, തമിഴ്നാട്ടിലെ കുറിഞ്ചി വേലൻ, കർണാടകയിലെ ഗുരുമൂർത്തി കാശിനാഥൻ എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ.
നാലു പതിറ്റാണ്ടിലേറെയായി കഥപറച്ചിലിനെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന്റെയും സർഗാത്മക ചിന്തയുടെയും മൂല്യാധിഷ്ഠിത പഠനത്തിന്റെയും ശക്തമായ മാധ്യമമാക്കി മാറ്റുന്നതിൽ ശ്രീമതി ഗീതാ രാമാനുജം നിർണായക പങ്കുവഹിച്ചുവരുന്നു. അവർ സ്ഥാപിച്ച കഥാലയ – ദ ഹൗസ് ഓഫ് സ്റ്റോറീസ് മുഖേന അധ്യാപകർ, കഥാകൃത്തുകൾ, ലൈബ്രേറിയൻമാർ, മാതാപിതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങി ആയിരക്കണക്കിന് ആളുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. കഥപറച്ചിൽ ഒരു കലാരൂപം മാത്രമല്ല, ഭാവന, സഹാനുഭൂതി, ആശയവിനിമയശേഷി, സാംസ്‌കാരിക തുടർച്ച എന്നിവ വളർത്തിയെടുക്കുന്ന കാലാതീതമായ ഒരു വിദ്യാഭ്യാസ പാരമ്പര്യമാണെന്ന് അവരുടെ പ്രവർത്തനം തെളിയിച്ചിരിക്കുന്നു.
₹10,001 (പതിനായിരത്തി ഒന്ന് ) രൂപയും, പ്രശസ്തിപത്രവും പ്രശസ്ത ചലച്ചിത്രകാരൻ സുധി അന്ന രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരമായി നൽകുന്നത്. 2026 സെപ്റ്റംബറിൽ കർണാടകയിലെ ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
























































































