
മാറഞ്ചേരി: കരാറുകാരൻ ഉപേക്ഷിച്ചത് മൂലം നാളുകളായി പണിമുടങ്ങി കിടന്നിരുന്ന കൃഷ്ണപ്പണിക്കർ റോഡിന് ശാപമോഷമായി. പഞ്ചായത്തിലെ സ്റ്റേറ്റ് ഹൈവേയും എംഎൽഎ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. നാല് വാർഡുകളിലൂടെ കടന്നുപോകുന്ന നിരവധി ഉപറോഡുകൾ സംഗമിക്കുന്ന ഈ റോഡ് വിദ്യാലയങ്ങളും, ഹോസ്പിറ്റലുകളും, ഗവൺമെന്റ് ഓഫീസുകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ ആശ്രയമാണ്.
അറ്റകുറ്റ പണികൾ പൂർത്തിയാക്കാതെ കരാറുകാരൻ ഉപേക്ഷിച്ചതു മൂലം ഈ പ്രദേശത്തെ ജനങ്ങൾ ദുരിതം സഹിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി.
എന്നാൽ ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടലൂടെ കൃഷ്ണപ്പണിക്കർ റോഡിന്റെ ജോലി അവസാനഘട്ടത്തിലാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് കൃഷ്ണപ്പണിക്കർ റോഡിന്റെ ഡ്രൈനേജ് കോൺക്രീറ്റ് ടാറിങ് വർക്കുകൾ പൂർത്തീകരിക്കുന്നു.
ആദ്യഘട്ടത്തിൽ സാങ്കേതിക പ്രശ്നങ്ങൾ നിലനിന്നിരുന്ന റോഡിന് ഡിവിഷൻ മെമ്പറുടെ ശക്തമായ ഇടപെടൽ മൂലം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ആകുകയും എന്നാൽ കരാറുകാരൻ പിന്നീട് കരാർ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വീണ്ടും ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ ഇച്ഛാശക്തിയോടുള്ള പ്രവർത്തനമാണ് മറ്റൊരു കരാറുകാരന് നൽകി പൂർത്തീകരിക്കാൻ കാരണമായത്.
കൃഷ്ണപണിക്കർ റോഡിന്റെ പണി പൂർത്തിയാകുന്നതോടെ മാറഞ്ചേരി വെളിയങ്കോട് യാത്ര ഏറെ എളുപ്പമാകും.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം

















































































