
‘രാമ രാമ പാഹി മാം – കേരളത്തിൻ്റെ ഹൃദയനാദം’ എന്ന സന്ദേശവുമായി മെയ് 15, 16, 17 തീയതികളിൽ ഗുരുവായൂർ ടൗൺഹാളിൽ രാമഭക്ത സംഗമവും ദേശീയ സെമിനാറും നടക്കും.
പരിപാടിയോടനുബന്ധിച്ച സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സ്വാഗതസംഘം ചെയർമാനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ മുഖ്യസംയോജകൻ മൗനയോഗി സ്വാമി ഡോക്ടർ ഹരിനാരായണൻ, അഡ്വക്കേറ്റ് രവി ചങ്കത്ത്, സബിത രഞ്ജിത്ത്, ബാബു കേച്ചേരി, അരുൺ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.
ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്ക് രാമതത്വത്തിന്റെ മഹത്വം പരിചയപ്പെടുത്തുകയും, ധാർമ്മികമായ ജീവിതത്തിലേക്ക് അവരെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്നതാണ് രാമഭക്ത സംഗമത്തിന്റെയും ദേശീയ സെമിനാറിന്റെയും പ്രധാന ലക്ഷ്യമെന്ന് മൗനയോഗി സ്വാമി ഡോക്ടർ ഹരിനാരായണൻ പറഞ്ഞു.
ഭാരത സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മൗലാന അബ്ദുൾ കലാം ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസും, സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് ഗുരുവായൂരും സംയുക്തമായാണ് ഈ മഹാസംഗമം സംഘടിപ്പിക്കുന്നത്.
മെയ് 15 ന് ആരംഭിക്കുന്ന ദേശീയ സെമിനാർ ജസ്റ്റിസ് സുധീർ അഗർവാൾ ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളാണ് സെമിനാറിൽ നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതന്മാരും ആത്മീയാചാര്യന്മാരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും രാമായണത്തെയും ശ്രീരാമനെയും ആസ്പദമാക്കി പ്രബന്ധാവതരണങ്ങൾ നടത്തും.
നിരവധി ആത്മീയ-സാംസ്കാരിക പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും.
മെയ് 11, 12 തീയതികളിൽ ഗുരുവായൂർ മമ്മിയൂർ സായി മന്ദിരത്തിൽ മോഹിനിയാട്ടം.
13 ന് രാവിലെ 10 മുതൽ ഗുരുവായൂർ ടൗൺഹാളിൽ രാമായണത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം, ശില്പശാല.
14 ന് മമ്മിയൂർ സായി മന്ദിരത്തിൽ ചിത്രരചനാ ശില്പശാല.
15 ന് 1008 അമ്മമാരുടെ രാമഗായത്രി ജപം.
16 ന് നാരായണീയ ജപം, രാമ-സീതാ-ഹനുമദ് പൂജ
17 ന് ആദിത്യഹൃദയ മന്ത്രജപം, ഭജന, ആത്മീയചടങ്ങുകൾ, നൃത്താവിഷ്കാരങ്ങൾ, കഥകളി, ഓട്ടൻതുള്ളൽ (മണലൂർ ഗോപിനാഥ്).
പുരാതന ഭാരതീയ ആത്മീയ കലാരൂപമായ “രാമർ കൂത്ത്” സെമിനാർ വേദിയിൽ അരങ്ങേറും. ദശകങ്ങൾക്ക് മുൻപാണ് ഇത് അവതരിപ്പിച്ചിരുന്നത്.
ഭക്തിയും സംസ്കാരവും ആത്മീയതയും ഒരുമിക്കുന്ന ഈ മഹാസംഗമം കേരളത്തിന്റെ ആത്മീയ ചരിത്രത്തിൽ വേറിട്ട അധ്യായമാകുമെന്ന് സംഘാടകർ അറിയിച്ചു.

















































































