
ഇടതുപക്ഷ നേതാവും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിയുമായ സൊഹ്‌റാൻ മംദാനി ന്യൂയോർക്കിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ശക്തനായ സ്വതന്ത്രനെയും ട്രമ്പിന്റെ സ്ഥാനാർഥിയെയും പിന്നിലാക്കിയാണ് മംദാനി വിജയിച്ചത്. 1969 നു ശേഷമുള്ള ഏറ്റവും ഉയർന്ന ശതമാനം വോട്ടു രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു ചൊവ്വാഴ്ച നടന്നത്. അമേരിക്കയിൽ വിവിധ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളും സമ്മേളനങ്ങളും നടക്കുന്നതിനിടെയാണ് ട്രംപ് ‘അപകടകാരിയായ കമ്മ്യൂണിസ്റ്റ്’ എന്ന് വിശേഷിപ്പിച്ച മംദാനി പ്രധാന നഗരത്തിന്റെ മേയറാകുന്നത്.
“ഭാവി നമ്മുടെ കരങ്ങളിൽ” എന്നാണു വിജയത്തിന് പിന്നാലെ സൊഹ്‌റാൻ പറഞ്ഞത്. “പുനർജനിക്കപ്പെട്ട ഒരു നഗരത്തിലെ വായു ശ്വസിക്കുകയാണ് നമ്മൾ. ഇതിനു പിന്നിൽ ത്യാഗം സഹിച്ച ഓരോരുത്തർക്കും നന്ദി”, അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധിക്കുന്ന, ശക്തരും, ഭാവിയെ ഉറ്റുനോക്കുന്നവരുമായ നേതാക്കൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പാണെന്നതിന്റെ സൂചനയാണ് ഈ വിജയമെന്ന് ഒബാമ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിനുവേണ്ടിയുള്ള വിജയം എന്നാണ് ഹിലരി ക്ലിന്റൺ അഭിപ്രായപ്പെട്ടത്.
ഇന്ത്യൻ എഴുത്തുകാരിയും ചലച്ചിത്രകാരിയുമായ മീര നായരുടെ മകനാണ് 34 വയസ്സുകാരനായ മംദാനി. യുഗാണ്ടൻ എഴുത്തുകാരൻ മഹ്‌മൂദ് മംദാനിയാണ് പിതാവ്. ഉഗാണ്ടയിൽ ജനിച്ച് ന്യൂയോർക്കിൽ വളർന്ന മംദാനി ന്യൂയോർക് സ്റ്റേറ്റ് അസംബ്ലി അംഗമാണ് ഇപ്പോൾ.









































































