
കൊച്ചി: അരൂക്കുറ്റി സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അവന്തികയുടെ നാലു വയസ്സു മുതൽ തുടങ്ങിയ നട്ടെല്ലിൻ്റെ വളവ് ( സ്കോളിയോസിസ്- scoliosis) രണ്ടാഴ്ച കൊണ്ട് നിവർത്തിയെടുത്തു. ഇരിക്കാനും നിൽക്കാനുമല്ല നടുനിവർത്തിയൊന്നു കിടക്കാൻപോലും കഴിയാതെ കടന്നുപോയ എട്ടുവർഷങ്ങൾക്കാണ് അവസാനമായത്. കൗമാരക്കാരായ പെൺകുട്ടികളിൽ കണ്ടുവരുന്നതാണ് സ്കോളിയോസിസ് എന്ന ഈ രോഗം.
നട്ടെല്ലിൻ്റെ വളവ് 120 ഡിഗ്രി എത്തിയപ്പോഴാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. കേരളത്തിന് പുറത്തുള്ള ആശുപത്രികളിൽ കാണിച്ചപ്പോൾ മൂന്നുമാസമെങ്കിലും അഡ്മിറ്റ് ചെയ്തു ചികിത്സയ്ക്കേണ്ടി വന്നേക്കാം എന്നാണ് പറഞ്ഞത്.
നട്ടെല്ലിലെ വളവും കൂനും നിവർത്തുന്ന പ്രത്യേക രീതിയിലുള്ള ചികിത്സാ സംവിധാനം വഴി രണ്ടാഴ്ച കൊണ്ട് വളവ് ഏകദേശം പൂർണ്ണമായിത്തന്നെ മാറ്റിയെടുത്തു. സ്പൈൻ സർജറി വിഭാഗം മേധാവി ഡോക്ടർ ആർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.
അന്താരാഷ്ട്ര സ്കോളിയോസിസ് അവബോധ മാസമായ ജൂണിൽതന്നെയാണ് ഇത്തരമൊരു നേട്ടം കൈവരിച്ചത്,
ഡോ. ആർ കൃഷ്ണകുമാർ, മാനേജിങ് ഡയറക്ടർ ഡോ.പി.വി. ലൂയിസ്, ഫിനാൻസ് ഡയറക്ടർ പി.വി. സേവ്യർ, ഡോ.എബിൻ എം സൈമൺ, ഡോ. അഷറഫ് ജമാൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.









































































