സിനിമാരംഗത്തെ മികച്ച സംഭാവനക്കുളള കേന്ദ്ര സർക്കാർ പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്.
ചലച്ചിത്ര രംഗത്ത് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയാണിത്. തലമുറകളെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത അതുല്യ പ്രതിഭ എന്നാണ് ജൂറി മലയാളികളുടെ ലാലേട്ടനെ വിലയിരുത്തിയത്.
സിനിമാരംഗത്ത് വിവിധ മേഖലകളിൽ അദ്ദേഹം നടത്തിയ സമാനതകളില്ലാത്തതും വൈവിധ്യവുമായ പ്രകടനങ്ങളാണ് ഈ ബഹുമതിക്ക് അർഹനാക്കിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. നടനായും നിർമ്മാതാവായും സംവിധായകനായും മോഹൻലാൽ ഇന്ത്യൻ സിനിമാലോകത്തിനു നൽകിയ അതുല്യ സംഭാവനകളാണ് അവാർഡിന് അർഹമാക്കിയതെന്ന് ജൂറി വിലയിരുത്തി.
സെപ്റ്റംബർ 23 നു നടക്കുന്ന 71-)മത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ അവാർഡ് സമ്മാനിക്കും.