‘ബുക്കർമാൻ ടാഗോർ സ്മൃതി പുരസ്കാർ – 2024’ കുറിഞ്ഞിവേലന് സമ്മാനിച്ചു. ചിദംബരത്തിന് സമീപം പുരസ്കാരജേതാവിന്റെ നാടായ കുറിഞ്ചിപ്പാടിയിലായിരുന്നു ചടങ്ങ്. ബുക്കർമാൻ ചീഫ് എഡിറ്റർ ഇ എസ് ഷാജേന്ദ്രൻ പുരസ്‌കാരം നൽകി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ടാഗോറിന്റെ പേരിലുള്ള പുരസ്കാരം ലഭിക്കുന്നത് സന്തോഷം ഇരട്ടിയാക്കുന്നുവെന്ന് മറുപടി പ്രസംഗത്തിൽ കുറിഞ്ഞിവേലൻ പറഞ്ഞു.
എഴുത്തുകാരനും വിവർത്തകനുമായ ബാബുരാജ് കളമ്പൂര് പ്രശംസാപത്രം നൽകി. പ്രോഗ്രസ്സിവ് ലിറ്ററേച്ചർ തമിഴ് നാട് സംസ്ഥാന സമിതി അംഗം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
80 വയസ്സ് കഴിഞ്ഞ കുറിഞ്ഞിവേലന്റെ യാത്ര ചെയ്യാനുള്ള അസൗകര്യം കണക്കിലെടുത്താണ് ചടങ്ങ് നാട്ടിലാക്കിയത്. പൊതുജനങ്ങൾക്കായി അദ്ദേഹം തന്നെ തയ്യാറാക്കികൊണ്ടിരിക്കുന്ന ലൈബ്രറിയായിരുന്നു വേദി. സാഹിത്യ-സാംസ്കാരികരംഗത്തെ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ ചേർന്നാണ് ചടങ്ങുകൾ ഒരുക്കിയത്.