വർഷങ്ങളുടെ ശ്രമത്തിനൊടുവിൽ ഒരു വമ്പൻ പദ്ധതി കേരളത്തിൽ നടപ്പാക്കുകയാണ്. രാഷ്ട്രീയമായ എതിർപ്പുകളെയും തന്ത്രങ്ങളെയും അതിജീവിച്ച് ഈ പദ്ധതി പ്രാവർത്തികമാക്കുക എളുപ്പമായിരുന്നില്ല. മുഖ്യമന്തിയുടെ പ്രസംഗത്തിന്റെ തുടക്കം തന്നെ ‘അങ്ങനെ നമ്മൾ അതും നേടി’ എന്നായിരുന്നു. കേരളത്തെ സിംഗപ്പൂരാക്കി മാറ്റാൻ മാത്രം ശേഷിയുള്ള തുറമുഖമാണ് വിഴിഞ്ഞം. അദാനി ഗ്രൂപ്പ് 30 വർഷമായി തുറമുഖ പ്രവർത്തനങ്ങൾ നടത്തുന്ന ഗുജറാത്തിൽപോലും ഇത്രയും ബൃഹത്തായ ഒന്ന് കൊണ്ടുവന്നിട്ടില്ല എന്നായിരുന്നു ഉദ്‌ഘാടന പ്രസംഗത്തിൽ പ്രധാനമന്തി വിശേഷിപ്പിച്ചത്.
വലിയ കപ്പലുകൾക്ക് തീരത്തോട് ചേർന്നുകിടക്കാൻ മാത്രം ആഴവും കൂടുതൽ കപ്പലുകൾക്ക് (പ്രധാനമായും മദർ ഷിപ്പുകൾ ) ഒരേസമയം നങ്കൂരമിടാൻ കഴിയുന്നതും ട്രാൻസ്ഷിപ്‌മെൻറ് സൗകര്യവുമാണ് വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖമാക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ചാലിനോട് ചേർന്നാണ് ഈ തുറമുഖത്തിന്റെ സ്ഥാനം. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ട്രാൻഷിപ്‌മെന്റിനു മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യക്ക് ഇനി ആ വഴിക്കുള്ള സാമ്പത്തിക നഷ്ടവും നികത്തപ്പെടുകയാണ്. 24346 കണ്ടയ്നറുകൾ വഹിക്കാൻ കഴിയുന്ന ലോകത്തെ ഏറ്റവും വലിയ മദർ ഷിപ്പായ ‘എം എസ് സി തുർക്കി’ വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ സാമ്പത്തിക മുഖച്ഛായ മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല. നികുതിയടക്കമുള്ള ഇനങ്ങളിൽ സംസ്ഥാന സർക്കാരിന് നാനൂറു കോടി രൂപയാണ് പ്രതിവർഷം ലഭിക്കുക. കപ്പലുകളിൽനിന്നും ഈടാക്കുന്ന തുറമുഖ ഫീസ് കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിന്റെയും ഇന്ധന വിതരണത്തിന്റെയും ഫീസ് തുടങ്ങിയവയുടെ ജി എസ് ടി യാണ് പ്രധാനമായും ഇപ്പോൾ ലഭിക്കുക. പദ്ധതി പൂർത്തിയാകുന്ന 2028 -ഓടെ വൻ കുതിപ്പുതന്നെയാണ് ഈ രംഗത്തുമാത്രം കേരളം പ്രതീക്ഷിക്കുന്നത്. പി പി ടി മാതൃകയിൽ ആരംഭിച്ച തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിനാണ്.
ബുക്കർമാൻ ന്യൂസ്