തിരുവനന്തപുരം : വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം ശസ്ത്രക്രിയാവിദഗ്ധർ പങ്കെടുക്കുന്ന ഉദര ക്യാൻസർ സർജന്മാരുടെ ആഗോളസംഗമം മെയ് 10, 11 തിയ്യതികളിൽ കോവളത്ത് നടക്കും. പാൻക്രിയാസ്, കരൾ, വൻകുടൽ, മലാശയം തുടങ്ങിയ ശരീരഭാഗങ്ങളെ ബാധിക്കുന്ന കാൻസർ ചികിത്സക്കുള്ള ഏറ്റവും നൂതനവും രോഗികൾക്ക് ഗുണകരവുമായ ശസ്ത്രക്രിയാ മാർഗങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരിചയപ്പെടുത്തുകയും പുതിയ ആരോഗ്യ സാഹചര്യങ്ങളെകുറിച്ച് അവബോധം നൽകുകയുമാണ് ലക്‌ഷ്യം.
സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനൽ ചർച്ച, മെഡിക്കൽ വിദ്യാർത്ഥികൾക്കും സർജന്മാർക്കുമായുള്ള പഠന ക്ലാസ്, പ്രാക്ടിക്കൽ സെഷൻസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്. ഫൗണ്ടേഷൻ സ്ഥാപകനും ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ പ്രൊഫ. ഡോ. ബൈജു സേനാധിപൻ പറഞ്ഞു.
ലാപ്രോസ്കോപ്പി സർജന്മാർക്കായി ഏർപ്പെടുത്തിയിട്ടുള്ള ‘ഏകലവ്യ പുരസ്കാരം 2025’ സംഗമത്തിൽ പ്രഖ്യാപിക്കും. സ്വർണ്ണമെഡലും ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയുടെ ഫെലോഷിപ്പുമാണ് പുരസ്കാരം. ഇതാദ്യമായാണ് ആരോഗ്യരംഗത്ത് ഇത്രയും വിദഗ്ദ്ധർ ഒത്തുചേരുന്ന സമ്മിറ്റ് നടക്കുന്നത്. കോവളം ഉദയസമുദ്ര ഹോട്ടലിലാണ് സംഗമ വേദി ഒരുക്കിയിട്ടുള്ളത്.
ബുക്കർമാൻ ന്യൂസ്