
കുറവിലങ്ങാട്: പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയും അധ്യാപകനുമായിരുന്ന വി.കെ കുര്യന്റെ സ്മരണാർത്ഥം മികച്ച ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുന്ന അവാർഡ് സ്വരുമ പാലിയേറ്റീവ് കെയറിന്. കഴിഞ്ഞ ഒരുവ്യാഴവട്ടക്കാലമായി കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് സാന്ത്വനപരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയർ കുറവിലങ്ങാട് മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, വി.കെ കുര്യൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹി അഡ്വ. ജോർജ് കുര്യൻ, മുൻ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വി.കെ കുര്യൻ അനുസ്മരണവും അവാർഡ് ദാനവും നാളെ ജനുവരി 30 വൈകിട്ട് അഞ്ചിന് പി.ഡി പോൾ സ്മാരക ഹാളിൽ നടക്കും. ഇരുപത്തയ്യായിരം രൂപയുടെ അവാർഡ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സ്വരുമ പാലിയേറ്റീവ് കെയർ ഭാരവാഹികൾക്ക് കൈമാറും.
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ്, സെന്റ് മേരീസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ, കേരള സർവകലാശാല സിൻഡിക്കേറ്റംഗം, കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വി.കെ കുര്യന്റെ പേരിലുള്ള 29-ാമത് അവാർഡ് സമർപ്പണമാണ് നടത്തുന്നത്. അനുസ്മരണ സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ടോമി കല്ലാനി അനുസ്മരണപ്രഭാഷണം നടത്തും. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി തുടങ്ങിയവർ പ്രസംഗിക്കും.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബാബു തൂമ്പുങ്കൽ, എം.കെ ഇന്ദുചൂഡൻ, ജനറൽ സെക്രട്ടറി ഷാജി പുതിയിടം, ഭാരവാഹികളായ ജയ്‌സൺ മണലേൽ, സിബി ഓലിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്









































































